വയലാര്‍ രാമവര്‍മ്മ

ഹൈസ്കൂള്‍ വിദ്യാഭ്യാസവും ഗുരുകുല രീതിയിലുള്ള സംസ്കൃത വിദ്യാഭ്യാസവും നേടി. തന്‍റെ യൗവനാരംഭത്തില്‍ നടന്ന വയലാര്‍ സമരം, വിപ്ലവപ്രസ്ഥാനമായും പുരോഗമന സാഹിത്യപ്രസ്ഥാനമായും ബന്ധപ്പെടുന്നതിന് പ്രേരണ ചെലുത്തി. 1948 ല്‍ ഗാന്ധിജിയെപ്പറ്റി രചിച്ച എട്ട് കവിതകളുടെ സമാഹാരമായ 'പാദമുദ്ര' കളുമായി രംഗപ്രവേശം ചെയ്ത ഈ കവി അമ്പതുകളില്‍ ഏറ്റവും ശ്രദ്ധേയമായ കവികളുടെ നിരയിലേക്കുയര്‍ന്നു. കൊന്തയും പൂണൂലും (1950), ആയിഷ (1954), എനിക്ക് മരണമില്ല (1955), മുളംകാട് (1955), ഒരു ജൂഡാസ് ജനിക്കുന്നു (1955), എന്‍റെ മാറ്റൊലി കവിതകള്‍ (1957), സര്‍ഗ്ഗസംഗീതം (1961) എന്നിവയാണ് മുഖ്യ കൃതികള്‍. 'വെട്ടും തിരുത്തും', 'രക്തം പുരണ്ട മണ്‍തരികള്‍' എന്നീ ചെറുകഥാ സമാഹാരങ്ങള്‍ വയലാറിന്‍റെ വകയായിട്ടുണ്ട്. മലയാള സിനിമയ്ക്കുവേണ്ടി രണ്ടായിരത്തോളം ഗാനങ്ങള്‍ രചിച്ചിട്ടുണ്ട്. മരണാനന്തരം 1976-ല്‍ കവിതകളും ആയിരത്തൊന്ന് ഗാനങ്ങളും ചേര്‍ത്ത് 'വയലാര്‍ കൃതികള്‍' എന്നപേരില്‍ സാഹിത്യപ്രവര്‍ത്തകസംഘം ആ ബൃഹദ് ഗ്രന്ഥം പ്രസിദ്ധപ്പെടുത്തി. 1961-ല്‍ കേരള സാഹിത്യ അക്കാദമി അവാര്‍ഡ് 'സര്‍ഗ്ഗസംഗീത'ത്തിനു ലഭിച്ചു. നാലുതവണ ഏറ്റവും നല്ല ഗാനരചയിതാവിനുള്ള കേരള സംസ്ഥാന ഫിലിം അവാര്‍ഡ്, 1974-ല്‍ ഇന്ത്യയിലെ ഏറ്റവും നല്ല ഗാനരചയിതാവിന് രാഷ്ട്രപതിയില്‍ നിന്ന് സുവര്‍ണ്ണമുദ്ര.


ഒരു കാല്‍നൂറ്റാണ്ടു കാലത്തെ കേരളത്തിലെ സാധാരണ ജനങ്ങളുടെ വികാരം ഉള്‍ക്കൊള്ളാനും അവരുടെ മോഹങ്ങളേയും ദു:ഖങ്ങളേയും പ്രതീക്ഷകളേയും ധാര്‍മ്മിക രോക്ഷങ്ങളേയും പല താളത്തില്‍, പല ഈണത്തില്‍, സൗന്ദര്യത്തിന്‍റെ പല പ്രരൂപങ്ങളില്‍ ആവിഷ്ക്കരിക്കാനും കഴിഞ്ഞ കവിയാണ് വയലാര്‍. അഗ്നിപോലെ പടര്‍ന്നു കയറുന്നവയും മഞ്ഞുതുള്ളിപോലെ കുളിര്‍മ്മ പകരുന്നവയും സാഗരം പോലെ ഇരമ്പിമറിയുന്നവയും ദല മര്‍മ്മരം പോലെ മനസ്സിലെന്തോ മധുരമായി ആമന്ത്രണം ചെയ്യുന്നവയുമായ ആ ഈരടികളിലൂടെ, ഈ ഭൂമിയേയും അതിലെ മനുഷ്യരേയും അതിലെ സമസ്ത സൗന്ദര്യങ്ങളേയും അതിരറ്റു സ്നേഹിച്ച ആ കവിയെ നാം കണ്ടെത്തുന്നു. ആ കവിക്ക് മരണമില്ല.

ജനനം: 25-3-1928

മരണം: 27-10-1975