48-ാം മത് വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് സമര്‍പ്പണം

2024 ലെ 48-ാം മത് വയലാര്‍ രാമവര്‍മ്മ സാഹിത്യ അവാര്‍ഡ് അശോകൻ ചരുവിലിന്റെ "കാട്ടൂർകടവ് "എന്ന കൃതിക്ക് വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ാം തീയതി വൈകിട്ട് 5.00 ന് തിരുവനന്തപുരത്ത് നല്‍കും. ഒരു ലക്ഷം രൂപയും പ്രശസ്ത ശില്പി കാനായി കുഞ്ഞിരാമന്‍ വെങ്കലത്തില്‍ നിര്‍മ്മിക്കുന്ന മനോഹരവും, അര്‍ത്ഥപൂര്‍ണ്ണവുമായ ശില്പവും, പ്രശസ്തി പത്രവുമടങ്ങുന്നതാണ് അവാര്‍ഡ് . അവാര്‍ഡ് നല്‍കുന്ന വര്‍ഷത്തിന്‍റെ തൊട്ടുമുമ്പുളള ഡിസംബര്‍ 31 കൊണ്ടവസാനിക്കുന്ന തുടര്‍ച്ചയായ അഞ്ചു വര്‍ഷങ്ങള്‍ക്കുളളില്‍ പ്രസിദ്ധീകരിച്ച മലയാളത്തിലെ മൗലിക കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുക്കുന്നത്. കഥയോ, കവിതയോ, വിമര്‍ശനമോ തുടങ്ങിയ ഏതു ശാഖയില്‍പ്പെട്ട കൃതികളും സമ്മാനര്‍ഹമാണ്. ഈ വര്‍ഷം 300 പേരോട് പ്രസക്ത കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ച ഏറ്റവും നല്ല മൂന്ന് കൃതികളുടെ പേരുകള്‍ നിര്‍ദ്ദേശിക്കുവാന്‍ അപേക്ഷിച്ചി രുന്നു. ഇതില്‍ 138 പേരില്‍ നിന്നും മറുപടികള്‍ ലഭിക്കുകയുണ്ടായി. മൊത്തം 146 കൃതികളുടെ പേരുകളാണ് നിര്‍ദ്ദേശിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ ലഭിച്ച അഞ്ച് കൃതികള്‍ തെരഞ്ഞെടുക്കപ്പെട്ട 20 പേരുടെ പരിഗണനയ്ക്കായി അയച്ചു കൊടുത്തു. ഇവരുടെ പരിശോധനയില്‍ കൃതികള്‍ക്കു ലഭിച്ച മുന്‍ഗണനാക്രമം ഒന്നാം റാങ്കിന് 11 പോയിന്‍റ്, രണ്ടാം റാങ്കിന് 7പോയിന്‍റ്, മൂന്നാം റാങ്കിന് 3 പോയിന്‍റ് എന്ന ക്രമത്തില്‍ വിലയിരുത്തി, ഏറ്റവും കൂടുതല്‍ പോയിന്‍റുകള്‍ ലഭിച്ച മൂന്ന് കൃതികള്‍ ജഡ്ജിംഗ് കമ്മിറ്റിയുടെ പരിഗണനയ്ക്ക് സമര്‍പ്പിച്ചു. ആ മൂന്ന് കൃതികളില്‍ നിന്നാണ് അവാര്‍ഡിനര്‍ഹമായ കൃതി തെരഞ്ഞെടുത്തത്.

മദ്രാസിലെ ആശാന്‍ മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ററി സ്ക്കൂളില്‍ നിന്നും മലയാളം ഐച്ഛികമെടുത്ത് ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങി 10-ാം ക്ലാസ്സ് പാസ്സാകുന്ന വിദ്യാര്‍ത്ഥിക്ക് വര്‍ഷം തോറും 5000 രൂപയുടെ സ്കോളര്‍ഷിപ്പ് വയലാര്‍ രാമവര്‍മ്മയുടെ പേരില്‍ വയലാര്‍ ട്രസ്റ്റ് നല്‍കുന്നുണ്ട്. ആ സ്കോളര്‍ഷിപ്പും ചടങ്ങില്‍ വച്ച് നല്‍കുന്നതാണ്.

വയലാര്‍ രാമവര്‍മ്മ രചിച്ച ഗാനങ്ങള്‍ കോര്‍ത്തിണക്കി പ്രസിദ്ധ ഗായകരെ പങ്കെടുപ്പിച്ച് "ശക്തിഗാഥ"യുടെ വയലാര്‍ ഗാനാഞ്ജലി ഉണ്ടായി രിക്കും.