വയലാര്‍ രാമവര്‍മ്മ മെമ്മോറിയല്‍ ട്രസ്റ്റ് 1976 ല്‍ രൂപീകൃതമായി. അന്നത്തെ കേരളാ മുഖ്യമന്ത്രി ആയിരുന്ന ശ്രീ. സി. അച്ച്യുതമേനോനാണ് അതിന് മുന്‍കൈ എടുത്തത്. അകാലത്തില്‍ പൊലിഞ്ഞുപോയ കവിയും, ഗാനരചയിതാവും, മനുഷ്യസ്നേഹിയുമായിരുന്ന് വയലാര്‍ രാമവര്‍മ്മയുടെ ശാശ്വത സ്മരണയ്ക്കായും അദ്ദേഹത്തിന്റെ കുടുംബത്തിന്റെ സംരക്ഷണയ്ക്കുമായാണ് വയലാര്‍ സ്മാരക മെമ്മോറിയല്‍ ട്രസ്റ്റ് രൂപവത്ക്കരിച്ചത്. സി. അച്ച്യുതമേനോന്‍ മുഖ്യ രക്ഷാധികാരിയായും അദ്ദേഹത്തിന്റെ സഭയിലെ എല്ലാ അംഗങ്ങളും രക്ഷാധികാരികളായും സമൂഹത്തിലെ പ്രമുഖര്‍ രാഷ്ട്രീയ പാര്‍ട്ടി വ്യത്യാസമില്ലാതെ ഉള്‍പ്പെടുന്ന ഒരു കമ്മിറ്റി രൂപീകരിച്ചു. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി പ്രസിഡന്റായി രൂപീകരിക്കപ്പെട്ട ഈ കമ്മിറ്റിയുടെ ട്രഷര്‍ മലയാള മനോരമയുടെ ചീഫ് എഡിറ്ററായിരുന്ന ശ്രീ. കെ. എം മാത്യു ആയിരുന്നു. മദ്രാസിലെ ആശാന് മെമ്മോറിയല്‍ എഡ്യൂക്കേഷണല്‍ ഇന്‍സ്റ്റിസ്റ്റ്യൂഷന്‍സിന്റെ സെക്രട്ടറിയും വയലാറിന്റെ ഉറ്റ സുഹൃത്തുമായിരുന്ന ശ്രീ. എ. കെ ഗോപാലനും ശ്രീ. സി. വി. ത്രിവിക്രമനുമായിരുന്നു സെക്രട്ടറിമാര്‍. 1977 മുതല്‍ മുടങ്ങാതെ അവാര്‍ഡ് നല്കി വരുന്നു. 25,000 രൂപയുടെ ക്യാഷ് അവാര്‍ഡും, ശില്പി കാനായി കുഞ്ഞിരാമന് നിര്‍മ്മിക്കുന്ന ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതായിരുന്നു ആദ്യകാല അവാര്‍ഡ്. 2015 മുതല്‍ ഗവണ്മെന്റിന്റെ സഹായത്തോടെ സമ്മാനത്തുക ഒരു ലക്ഷമായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. വയലാര്‍ രാമവര്‍മ്മയുടെ പേരിലുള്ള സാഹിത്യ പുരസ്കാരം മലയാള ഭാഷയ്ക്ക് പ്രയോജനപ്പെടുന്ന തരത്തിലായിരിക്കണം. പുതിയ രചനകള്‍ക്ക് മാത്രമേ അവാര്‍ഡ് നല്കാവു. വ്യക്തികളെ നോക്കി ആയിരിക്കരുത്. ഒരു നിശ്ചിത കാലയളവിനുള്ളില്‍ ആദ്യ പ്രസിദ്ധീകരണം നടത്തിയിട്ടുള്ള പുതിയ രചനകളില്‍ ഏറ്റവും മെച്ചപ്പെട്ടതെന്ന് തെരഞ്ഞെടുക്കപ്പെടുന്ന കൃതിയ്ക്കായിരിക്കണം അവാര്‍ഡ് നല്‍കേണ്ടത്. നേരത്തെ പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിച്ചിട്ടുള്ളതോ തര്‍ജ്ജിമകളോ പരിഗണിക്കാന്‍ പാടില്ല എന്നീ നിര്‍ദ്ദേശങ്ങളുടെ അടിസ്ഥാനത്തിലാണ് അവാര്‍ഡിനുള്ള കൃതി തെരഞ്ഞെടുക്കുന്നതിനുള്ള നിയമാവലി തയ്യാറാക്കിയിട്ടുള്ളത്.